Sunday 24 January 2010

ഷെയറിംഗ് അക്കോമഡേഷനും പ്രവാസ ജീവിതവും

ജോലിക്കുള്ള വേതനം ഒരിടത്ത് സ്ഥിരമായി നില്‍ക്കുകയും, താമസം/വെള്ളം/കറണ്ട്/കഞ്ഞി ചിലവുകള്‍ സ്ഥിരമായി ഉയര്‍ന്ന് ഉയര്‍ന്ന് പോവുകയും ചെയ്തു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാല പ്രവാസ ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നായി ഷെയറിംഗ് അക്കോമഡേഷന്‍ മാറിയത് ജീവിത ചിലവ് കുറയ്ക്കുവാനുള്ള പ്രവാസിയുടെ വ്യഗ്രതയില്‍ നിന്നുമാണ്.പത്തടി നീളവും പന്ത്രണ്ടടി വീതിയും ഉള്ള ഇടുങ്ങിയ റൂമുകളിലെ വിശാലതയില്‍ മേലോട്ട് രണ്ടും നെരപ്പേ നാലും കട്ടിലുകളിലൊന്നിന്റെ ആഡംബരത്തില്‍ പ്രവാസ ജീവിതം നയിക്കുന്നവന്റെ നാട്ടിലെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുന്ന റൂമുകളുടെ എണ്ണം ഏറ്റവും കുറഞ്ഞത് മൂന്നെണ്ണം ആയിരിക്കും. ഭാര്യക്കും പൊന്നുമക്കള്‍ രണ്ടു പേര്‍ക്കുമായി പണി കഴിപ്പിച്ചിട്ടിരിക്കുന്ന മണി സൌധത്തിന്റെ എല്ലാ റൂമുകളിലും വര്‍ഷത്തില്‍ ഒരിക്കല്‍ പോലും ഒരു പക്ഷേ കുടുംബാംഗങ്ങളുടെ ശ്രദ്ധയെത്തുക പോലുമുണ്ടാകില്ല. വര്‍ഷത്തിലൊരിക്കലെ ആഡംബരത്തിന് വേണ്ടി മറ്റു പതിനൊന്ന് മാസവും നരകയാതനയെന്ന തത്വം പ്രവാസി തന്റെ ജീവിതവീഥിയില്‍ എഴുതി ചേര്‍ത്തിരിക്കുന്നു. ചേട്ടന്‍/ഇക്ക/ഇച്ചായന്‍ വരുമ്പോള്‍ മാത്രം തുറക്കപ്പെടുന്ന റൂമുകളിലെ പൊടിയടിച്ച് പെയിന്റടിച്ച് മാസം ഒന്ന് തള്ളി നീക്കി തിരിച്ച് വീണ്ടും ചേട്ടന്‍/ഇക്ക/ഇച്ചായന്‍ വന്ന് കുടുസ്സു റൂമിലെ ബെഡ് സ്പെയിസ്സില്‍ ചേക്കേറും.ബെഡ് സ്പെയിസ് എന്നാല്‍ ബെഡ് ഇടാനുള്ള സ്ഥലം മാത്രമായിരിക്കും ലഭ്യമാവുക. നാട്ടിലേക്ക് പോകാനും വരാനും ഉപയോഗിക്കുന്ന സ്യൂട്ട് കേയ്സ് ഏറ്റവും താഴെയുള്ള കട്ടിലിന്നടിയില്‍, വസ്ത്രം തൂക്കാന്‍ ഭിത്തിയില്‍ അടിച്ച നാലഞ്ചാണികള്‍, പതിനാറു പേര്‍ക്ക് പെരുമാറാ‍ന്‍ ബാത്ത് റൂം ഒന്ന്, പടല പിണക്കങ്ങളുടെ ഭാഗമായി അടുക്കള ഭാഗം വെച്ചതിനാല്‍ അടുക്കളയില്‍ കുത്തി നിറക്കപ്പെട്ട നാലഞ്ചു ഗ്യാസുകുറ്റികളും അടുപ്പുകളും, നില‍യ്ക്കാതെ ഓടി കൊണ്ടിരിക്കുന്ന ടി.വി. ഒന്ന്, ചീഞ്ഞ സോക്സിന്റെ മടുപ്പിക്കുന്ന രൂക്ഷ ഗന്ധം തങ്ങി നില്‍ക്കുന്ന റൂമുകള്‍, പ്രവാസിയുടെ ഷെയറിംഗ് അക്കോമഡേഷന്റെ നേര്‍ ചിത്രം അവിടെ കഴിയുന്നു. എക്സിക്യൂട്ടീവ് ബാച്ചിലര്‍ എന്ന ഓമന പേരില്‍ അറിയപ്പെടുന്ന വെള്ള കോളര്‍ ജീവനക്കാരന്റെ താമസ വിശേഷമാണീ പറഞ്ഞത്.നീല കോളര്‍ കാരന്റെ താമസ വിശേഷം പറയാതിരിക്കുകയാണ് ഭേതം. റുമിന്റെ വലിപ്പം പത്തുക്ക് പത്ത്. താമസക്കാര്‍ പന്ത്രണ്ട്. നിലത്ത് നാല് കട്ടില്‍. മുകളിലേക്ക് മൂന്ന്. നടുക്ക് നാലുക്ക് നാല് സ്ഥലം ലീവിങ്ങ് സ്പെയിസാണ്. അവിടെയും ടി.വി യൊന്നുണ്ടാകും. കട്ടിലുകളുടെ തലയ്ക്കലും കാല്‍ക്കലുമായിട്ടായിരിക്കും സ്ഥാവര ജംഗമം മുഴുവന്‍. ചീഞ്ഞ സോക്സിന്റെ മടുപ്പിക്കുന്ന മണം ഇവിടേയും എക്സിക്യൂട്ടീവ് ബാച്ചിലര്‍ അക്കോമഡേഷനിലേതിന് തുല്യമായിരിക്കും. അടുക്കളയില്‍ ദേശീ, ബംഗാളി, പാകിസ്ഥാനി, നേപ്പാളി, ശ്രീലങ്കന്‍, ഫിലിപ്പൈനി ഗ്യാസ് കുറ്റികളും അടുപ്പുകളും വെവ്വേറെയുണ്ടാകും. തമ്മില്‍ തല്ല് ഉണ്ടാകുന്നത് അപൂര്‍വ്വം ആയിരിക്കും. തല്ലു പിടിക്കാന്‍ എപ്പോഴും അന്യ രാജ്യക്കാര്‍ ഉണ്ടാകും എന്നതിനാല്‍ നാം സംഘടിതരായിരിക്കും. അതിനാലാണ് രാജ്യാന്തര അടുപ്പു കുറ്റികളും അടുപ്പുകളും അടുക്കളയില്‍ ഉണ്ടാകുന്നത്. ഒരു കാര്യത്തില്‍ നീല കോളര്‍ ജീവനക്കാരന്‍ ഭാഗ്യവാനായിരിക്കും. എന്തെന്നാല്‍ ബാത്ത് റൂമുകള്‍ നാലു പേര്‍ക്ക് ഒന്നുണ്ടാകും. കാരണം ബാത്ത് റൂമിലെ തിരക്ക് കാരണം സൈറ്റിലേക്ക് പോകല്‍ താമസ്സിക്കരുത് എന്ന ശുദ്ധ വിചാരം ഭരിക്കുന്നതിനാല്‍ കമ്പനി മുതലാളി ബാത്ത് റൂമിന്റെ കാര്യത്തില്‍ എപ്പോഴും ഉദാര മനസ്കനായിരിക്കും. ഇത് നീല കോളര്‍ ഷെയറിംഗ് അക്കോമഡേഷന്റെ നീറുന്ന നേര്‍ ചിത്രം.ഇന്നിയാണ് ഏറ്റവും ദുഷ്കരമായ ഷെയറിംഗ് ഫാമിലിയുടെ കദന കഥ കടന്ന് വരുന്നത്. വിവാഹിതന്‍ പ്രവാസം തിരഞ്ഞെടുത്ത് കഴിഞ്ഞാല്‍ അന്നന്നത്തെ അഷ്ടിക്ക് വക തികഞ്ഞില്ലാ എങ്കില്‍ കൂടിയും കുടുംബത്തെ എങ്ങിനെ ഇക്കരെ കടത്താം എന്നുള്ളതായിരിക്കും ഊണിലും ഉറക്കിലും ചിന്തിക്കുക. കുടുംബ വിസക്ക് ഗള്‍ഫ് ഭരണ കൂടങ്ങള്‍‍ നിഷ്‌കര്‍ഷിക്കുന്ന ശമ്പള മാനദണ്ഡങ്ങള്‍ എങ്ങിനേയും മറി കടന്ന് കുടുംബ വിസ തരപ്പെടുത്തി ഭാര്യയേയും മക്കളേയും കടല്‍ കടത്തുന്ന ഗള്‍ഫ് പ്രവാസി ആദ്യമായി തിരയുന്നത് ഷെയറിംഗ് ഫാമിലി അക്കോമഡേഷന്‍ ആയിരിക്കണമല്ലോ? എഴുന്നൂറ്റി അമ്പത് ദിര്‍ഹം ബെഡ് സ്പെയിസിന് വാടക കൊടുക്കാനില്ലാതെ ജീവിച്ച് പോകവേയായിരിക്കും കുടുംബത്തെ താമസിപ്പിക്കുവാന്‍ അക്കോമഡേഷന് തപ്പുന്നത്. സ്റ്റുഡിയോ ഫ്ലാറ്റിന് പോലും അമ്പതിനായിരം ദിര്‍ഹം കൊടുക്കേണ്ടി വരുന്നിടത്ത് ഷെയറിംഗ് അക്കോമഡേഷന്‍ അല്ലാതെ മറ്റൊരു മാര്‍ഗ്ഗവും തിരഞ്ഞെടുക്കാനുണ്ടാകില്ലല്ലോ? തുശ്ച വരുമാനക്കാരന് കുടുംബത്തോടൊപ്പം താമസിക്കുവാ‍നായി ഫ്ലാറ്റുകള്‍ പങ്കു വെച്ച് തുടങ്ങിയത് അങ്ങിനെയാണ്.രണ്ടു ബെഡ് റും ഹാള്‍ ഫ്ലറ്റെടുക്കുന്നു. ബെഡ് റൂമുകള്‍ വീതം വെച്ച് താമസം ആരംഭിക്കുന്നു. അടുക്കളയും എറായവും* കുളിമുറിയും പൊതു സ്വത്തായിരിക്കും. പാചകം ചിലയിടത്ത് ഒന്നിച്ചും മറ്റു ചിലിടത്ത് വെവ്വേറെയും ആയിരിക്കും. ഇതൊക്കെയാണല്ലോ ഷെയറിങ്ങ് ഫാമിലി എന്ന് കേള്‍ക്കുമ്പോള്‍ തോന്നുന്നത്. വാടക കൂടി കൂടി വന്നപ്പോള്‍ ഇതിലും ചില മാറ്റങ്ങള്‍ വന്നു. ഹാള്‍ ഇല്ലാതായി. അതും ഒരു റുമായി പരിവര്‍ത്തനപ്പെടുത്തി മൂന്ന് ഫാമിലി താമസിക്കാന്‍ തക്ക തരത്തിലാക്കി തുടങ്ങി. ബാല്‍ക്കണിയുണ്ടെങ്കില്‍ അവിടെ കെട്ടി മറച്ച് ചെറിയൊരു എറായം നിര്‍മ്മിക്കപ്പെട്ടു. അങ്ങിനെ വാടക ചിലവ് കുറയ്ക്കുവാനായി തുടങ്ങിയ ഷെയറിങ്ങ് ഫാമിലി സംവീധാനം ഒരു കച്ചവടമായി മാറുവാന്‍ പിന്നെ അധികം കഴിയേണ്ടി വന്നില്ല. ആദ്യം ഒരു ഫ്ലാറ്റെടുത്ത് വാടക കുറയ്ക്കാനായി ഒരു ഫാമിലിയെ കൂടെ കൂട്ടിയ ആള്‍ ഹാള്‍ കൂടി വാടകക്ക് കൊടുക്കാം എന്ന് തിരിച്ചറിഞ്ഞപ്പോള്‍ മറ്റൊരു ഫ്ലാറ്റെടുത്ത് റൂമുകള്‍ തിരിച്ച് വാടകക്ക് കൊടുത്തും ലാഭം ഉണ്ടാക്കാം എന്ന് മനസ്സിലാക്കുക കൂടിയായിരുന്നു. അത് മനസ്സിലാക്കിയവര്‍ക്ക്‍ ഷെയറിങ്ങ് അക്കോമഡേഷന്‍ എന്നാല്‍ ലൈസന്‍സ് വേണ്ടാത്ത നഷ്ട സാധ്യതയില്ലാത്ത കച്ചവടമായി മാറാനും കൂടുതല്‍ കാത്തിരിക്കേണ്ടി വന്നില്ല.അങ്ങിനെ റൂമുകള്‍ വീണ്ടും വീണ്ടും വിഭജിക്കപ്പെട്ടു. ജിപ്സം ബോര്‍ഡും പ്ലൈയും ഒക്കെ കൊണ്ട് റൂമുകള്‍ ഇരട്ടിക്കപ്പെട്ടു. രണ്ടു ബെഡ് റൂം ഹാളില്‍ നാലില്‍ കൂടുതല്‍ കുടുംബങ്ങള്‍ ചേക്കേറി. അതോടൊപ്പം വില്ലകള്‍ വാടകക്കെടുത്തും ഭാഗം വെപ്പ് തുടങ്ങി. പഞ്ചായത്തീരാജ് നിലവില്‍ വന്ന കാലത്ത് അന്നത്തെ ഭരണ കക്ഷികക്ക് അനുകൂലമായി വാര്‍ഡുകള്‍ വിഭജിക്കപ്പെട്ടതു പോലെ ഇടിഞ്ഞ് വീഴാറാ‍യ വില്ലകളില്‍ റുമുകളെ വിഭജിച്ച് റൂമുകള്‍ക്കുള്ളില്‍ റുമുകള്‍ സൃഷ്ടിക്കപ്പെട്ടു. വില്ലകളിലെ കാര്‍ ഷെഡ് വരെ റൂമുകളായി പരിണമിച്ചു. ഒരു കുടുംബത്തിനായി പണികഴിക്കപ്പെട്ട വില്ലകളിലും ഫ്ലാറ്റുകളിലും അസംഖ്യം കുടുംബങ്ങള്‍ പാര്‍പ്പ് തുടങ്ങി. ഇതെല്ലാം അനധികൃതമായിരുന്നു. എല്ലാം അറിയാമായിരുന്നിട്ടും ഭരണ കൂടം കണ്ടില്ലാ എന്ന് നടിച്ചത് പാര്‍പ്പിട പ്രശ്നം രൂക്ഷമായത് കൊണ്ടാണെന്നും ഈ നാട്ടില്‍ ഭരണ കൂടത്തിന്റെ കണ്ണു വെട്ടിച്ച് ഒന്നും ചെയ്യാന്‍ കഴിയില്ലാ എന്നും ഷെയറിങ്ങ് അക്കോമഡേഷന്‍ കച്ചവടക്കാര്‍ മനസ്സിലാക്കിയില്ല. അങ്ങിനെയിരിക്കുമ്പോഴാണ് എല്ലാ പരിധികളും ലംഘിച്ച് ഷെയറിങ്ങ് അക്കോമഡേഷന്‍ പുതിയ സംസ്കാരത്തിന് തുടക്കമിട്ടത്. അതെങ്ങനെയെന്നല്ലേ?മൂന്ന് ബെഡ്‌‌റൂം ഫ്ലാറ്റാണ് ഇവിടുത്തെ കഥാപാത്രം. മൂന്ന് കിടപ്പ് മുറിയുള്ള ഒരു ഫ്ലാറ്റില്‍ എത്ര കുടുംബത്തിന് കഴിയാം?മൂന്ന് കുടുംബത്തിന്?നാലോ?അഞ്ച് കുടുംബത്തിനോ?അല്ലേ അല്ല. പത്ത് കുടുംബങ്ങള്‍ വരെ മൂന്ന് കിടപ്പ് മുറികള്‍ ഉള്ള ഒരു ഫ്ലാറ്റില്‍ ചേക്കേറുന്നു എന്നത് വിശ്വസിക്കാന്‍ കഴിയുമോ? വിശ്വസിക്കണം. എങ്ങിനെയെന്നല്ലേ?ആദ്യം മൂന്ന് കിടപ്പ് മുറികളുള്ള ഫ്ലാറ്റെടുക്കുന്നു. ഇവിടെ റുമുകള്‍ ഒന്നും വിഭജിക്കപ്പെടുന്നില്ല. പത്ത് കുടുംബത്തിലെ ഭര്‍ത്താക്കന്മാരെല്ലാം കൂടി ഒരു റൂമില്‍. ഭാര്യമാരും കുട്ടികളും മറ്റൊരു റൂമില്‍. മുന്നാമതൊരു റൂം മണിയറയാണ്. എല്ലാ ദിവസവും ഒരു കുടുംബത്തിന് ആ റൂം ഉപയോഗിക്കാം. അതായത് എല്ലാ ഭാര്യമാരും ഭര്‍ത്താക്കന്മാരും ബാച്ചിലര്‍ സ്റ്റാറ്റസില്‍ രണ്ടു റൂമുകളിലായി കഴിയുന്നു. പത്ത് ദിവസത്തില്‍ ഒരിക്കല്‍ കുടുംബമായി മറ്റൊരു റൂമിലും. ഷെയറിങ്ങ് അക്കോമഡേഷന്റെ ഏറ്റവും നീചമായ പരിണാമമായിരുന്നു ഇത്. ഇതും സംഭവിക്കപ്പെട്ടു. തുശ്ചമായ വരുമാനത്തില്‍ വിദേശത്ത് കുടുംബത്തോടൊപ്പം കഴിയണം എന്ന മധ്യവര്‍ഗ്ഗത്തിന്റെ ചിന്തയില്‍ നിന്നുമാണ് ഇത്രയും മ്ലേഛമായ സംസ്കാരത്തിലേക്ക് പ്രവാസം വഴുതി വീണത്.അങ്ങിനെ ഷെയറിങ്ങ് അക്കോമഡേഷന്‍ എല്ലാ പരിധികളും ലംഘിച്ചു തുടങ്ങി എന്ന് കണ്ടിടത്താണ് ഭരണകൂടം ചില നിബന്ധനകളുമായി രംഗത്ത് വന്ന് തുടങ്ങിയത്. ആദ്യ ഘട്ടമെന്ന നിലയില്‍ വില്ലകളില്‍ നിന്നും ഷെയറിങ്ങ് അക്കോമഡേഷന്‍ എന്ന ലൈസന്‍സ് ഇല്ലാ കച്ചവട പരിപാടി ഒഴിപ്പിച്ച് തുടങ്ങി. താമസം വിനാ ഫ്ലാറ്റുകളിലേക്കും ഒഴിപ്പിക്കല്‍ വ്യാപിപ്പിക്കപ്പെടും. അതായത്, തങ്ങളുടെ വരുമാനത്തിനുള്ളില്‍ നിന്ന് കൊണ്ട് വിദേശത്ത് കുടുംബത്തോടൊപ്പം താമസിക്കാന്‍ കഴിയുന്നവരിലേക്ക് മാത്രമായി പ്രവാസത്തിലെ കുടുംബവിസാ സംവീധാനം ചുരുക്കപ്പെടും എന്ന് സാരം.ലഭ്യമാക്കപ്പെടുന്ന സൌകര്യങ്ങളെ വന്‍ സാമ്പത്തിക ലാഭത്തിനായി ദുരുപയോഗപ്പെടുത്തുക എന്ന കുതന്ത്രത്തിന്റെ അനന്തരഫലാണ് ഇന്ന് പ്രവാസ ഭൂമികയില്‍ ഏര്‍പ്പെടുത്തപ്പെടുന്ന എല്ലാ നിബന്ധനകളും നിയന്ത്രണങ്ങളും എന്ന് ഒരിക്കല്‍ കൂടി ഇപ്പോഴത്തെ ഭരണകൂട നടപടികളും നമ്മേ ഓര്‍മ്മപ്പെടുത്തുന്നു!ഇതു എഴുതിയത് അഞ്ചല്‍ക്കാരന്‍ ..... ഇതു ഇവിടെ പൊസ്റ്റാന്‍ കാരണം ..എല്ലാവരും അറിഞ്ഞിരിക്കേണ്ട കുറച്ചു കാര്യങ്ങള്‍ ഞാന്‍ ഇതി കണ്ടു...

ഗള്‍ഫ് മലയാളി

(ഗുരുതരമായ വിലത്തകര്‍‌ച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഗള്‍ഫ് മലയാളിയുടെ കമ്പോളനിലവാരം ശക്തിപ്പെടുത്തി പൂര്‍‌വ്വസ്ഥിതിയിലാക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമായ എല്ലാ മാദ്ധ്യമങ്ങളും ഉപയോഗപ്പെടുത്താനുള്ള അതീവരഹസ്യവും അതിഫയങ്കരവുമായ ഗൂഢപദ്ധതിയുടെ ഭാഗമാണ് ഈ പോസ്റ്റ്. )ഭൂമുഖത്തുള്ള മൊത്തം മലയാളികളെയും സാദാ മലയാളികള്‍, ഗള്‍ഫ് മലയാളികള്‍ എന്നിങ്ങനെ രണ്ടായാണ് തരം തിരിച്ചിരിക്കുന്നതെന്ന് അറിയാമല്ലോ. എങ്ങനെയും ഒരു ഗള്‍ഫ് വിസ സം‌ഘടിപ്പിച്ച് അറബിനാട്ടിലെത്തി പത്ത് ഓയില്‍‌മണീസ് സമ്പാദിക്കുക എന്നതായിരുന്നു ഓരോ മല്ലുക്കുഞ്ഞിന്‍റെയും ജന്മോദ്ദേശമെങ്കിലും അതിവിശേഷമായ ബുദ്ധിസാമര്‍‌ത്ഥ്യവും ജാതകത്തിലെ രാജയോഗവും ഒത്തുചേര്‍ന്ന ഭാഗ്യവാന്മാര്‍ക്ക് മാത്രമാണല്ലോ സുന്ദരമനോജ്ഞമായ അറബിലോകത്ത് എത്തിപ്പെടാന്‍ കഴിഞ്ഞിരുന്നത്. അങ്ങനെയുള്ള ഓരോ ഗള്‍ഫുകാരനെയും ഓരോ അറബിസുല്‍‌ത്താനായിക്കണ്ട് ആരാധിച്ചിരുന്ന സാദാ മല്ലൂസിന് അടുത്തകാലത്തായി ഗള്‍ഫ് മലയാളികളോടുള്ള ബഹുമാനത്തിന്റെ സൂചിക വന്‍‌തോതില്‍ ഇടിഞ്ഞതായി ഞങ്ങളറിയുന്നു. തെണ്ടിത്തിരിഞ്ഞ് അമേരിക്കയിലും യൂറോപ്പിലും കുടിയേറി പിന്തിരിപ്പന്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് വിടുവേല ചെയ്യുന്ന ചില കരിങ്കാലി മല്ലൂസിന്‍റെ ഡോളറും യൂറോയും കണ്ടുള്ള പൊളപ്പാണിതെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഞങ്ങള്‍ ചൊള ചൊള പോലെ അയച്ചു തന്നിരുന്ന എണ്ണപ്പണം കൊണ്ടാണ് ക്ഷാമകാലത്ത് മൃഷ്ട്ടാന്നമടിച്ച് കഴിഞ്ഞിരുന്നതെന്ന് മറക്കരുത്. വന്നുവന്ന് ഗള്‍ഫുകാരനാണെങ്കില്‍ പെണ്ണു തരില്ല എന്നു പറയാന്‍‌മാത്രം വളറ്ന്നിരിക്കുന്നു അഹങ്കാരം. ഗള്‍ഫില്‍ ആക്രി പെറുക്കി നടന്ന മാക്രികളെ വരെ മരുമകനാക്കി അഭിമാനിക്കാന്‍ ലച്ചം ലച്ചം സ്ത്രീധനവുമായി ക്യൂ നിന്നിരുന്ന കൂട്ടരാണ്. എന്നിട്ടിപ്പഴോ!.. ലീവും തീര്‍ന്ന് വളര്‍ന്ന് മുറ്റി പുരനിറഞ്ഞു നില്‍‌ക്കുന്ന ഗള്‍ഫ് ബാച്ചികളുടെ സങ്കടം കണ്ടാല്‍ പെറ്റ തള്ള സഹിക്കൂല്ല. ഞങ്ങള്‍ കൈകളില്‍ തൂക്കിപ്പിടിച്ച് വിമാനമിറക്കി കൊണ്ടുവന്ന നാഷണല്‍ പാനാസോണിക്‍ പാട്ടുപെട്ടികളിലാണ് "അബുദാബിക്കാരന്‍ പുതുമണവാളന്‍" പോലുള്ള വാഴ്ത്ത് പാട്ടുകള്‍ പാടി ഞങ്ങളെ നിങ്ങള്‍ സുഖിപ്പിച്ച് കുളിപ്പിച്ച് കിടത്തിയിരുന്നത്. എത്ര കിട്ടിയാലും ആര്‍ത്തിയടങ്ങാതെ "പാവാട വേണം മേലാട വേണം" എന്ന് ഈണത്തിലെരക്കാനും ബോണറ്റ് തുറന്നുവെച്ച ഇമ്പാലാ കാറിന്‍റെ ചന്തമുള്ള ഈ പെട്ടി തന്നെ നിങ്ങളുപയോഗിച്ചു. എന്നിട്ടിപ്പോള്‍ ചില തുക്കട നാടന്‍ സായിപ്പന്‍‌മാരുടെ പരട്ട ജാഡ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് വിലയില്ലാതായി. അതിനൊക്കെ സ്മരണ വേണം സ്മരണ! യൂറൊയും ഡോളറുമൊക്കെ വാങ്ങി പോക്കറ്റില്‍ തിരുകുന്നതിന് മുന്‍പ് വാസ്കൊ ഡ ഗാമ, ഈസ്റ്റ് ഇന്ത്യാ കമ്പനി, ജാലിയന്‍ വാലാ ബാഗ് എന്നൊക്കെ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.ഇന്ത്യ മുഴുവന്‍ പിച്ചക്കാരണെന്ന് ധരിച്ചിരിക്കുന്ന ചില ഊളന്‍‍ സായിപ്പന്‍‌മാരെപ്പോലെ ഗള്‍ഫ് മലയാളികളെന്നാല്‍ ദൈന്യതയുടെ പര്യായമാണ് എന്നൊരു ധാരണ പരക്കെയുണ്ട്. എങ്കില്‍ കേട്ടോ, ഞങ്ങള്‍ എണ്ണപ്പണത്തിന്‍റെ സമ്പല്‍‌സമൃദ്ധിയില്‍ അര്‍മാദിക്കുന്നവരാണ്, ആര്‍ഭാടത്തില്‍ ആറാടുന്നവരാണ്, ഏഴും എട്ടും ആടുന്നവരാണ്, ഞങ്ങള്‍ യൂസഫലിയാണ്, ഗള്‍ഫാര്‍ മുഹമ്മദലിയാണ്, B R ഷെട്ടിയാണ്, മാടയാണ് പിന്നെ കോട പോലുമാണ്.. ഞങ്ങള്‍ പപ്പടം കാച്ചുന്നതും നെയ്യപ്പം ചുടുന്നതും എന്തിന് ടോയ്‌ലറ്റിലൊഴിക്കുന്നത് പോലും പെട്രോളാണ്. ഇതിനൊക്കെ ശേഷം ബാക്കിവരുന്ന നക്കാപ്പിച്ചയാണ് നിങ്ങള്‍ക്ക് തരുന്നത്.ബൗദ്ധികമായി വളരെ ഉയര്‍ന്ന തലത്തിലുള്ളവരാണ് ഗള്‍ഫ് മലയാളികളെന്ന് പറയേണ്ട കാര്യമില്ലല്ലോ. ആഗോളതലത്തിലുള്ള മിക്കവാറും എല്ലാ പ്രശ്നങ്ങള്‍ക്കും ഞങ്ങള്‍ക്ക് വളരെ സുവ്യക്തമായ അഭിപ്രായവും പരിഹാരവുമുണ്ട്. എന്നു മാത്രമല്ല ഈ അറിവുകളൊക്കെ റേഡിയോ മുതല്‍ ബ്ലോഗ് വരെയുള്ള എല്ലാ മാദ്ധ്യമങ്ങളിലൂടെയും ലോകര്‍ക്കായി പങ്കുവെക്കുകയും ചെയ്യും. ഞങ്ങളുടെ ലോകപരിചയവും ബുദ്ധിവൈഭവവും വെച്ചുനോക്കുമ്പോള്‍ കേരളത്തിലെയും ഇന്ത്യയുടെ ആകെത്തന്നെയും മുഴുവന്‍ പ്രശ്നങ്ങളും മിനിറ്റ് വെച്ച് പരിഹരിക്കാവുന്നതേയുള്ളു. പക്ഷെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ച് ലീവ് കിട്ടില്ല എന്നതാണ് ഒരേയൊരു തടസ്സം. പിന്നെ നാട്ടില്‍ ഞങ്ങളുടെ അപ്പനും അമ്മയും വകയില്‍ ചില അമ്മാവന്മാരുമൊഴിച്ചുള്ള രാഷ്ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കച്ചവടക്കാര്‍, പോലീസുകാര്‍,കസ്റ്റം‌സുകാര്‍ എന്നിവരെല്ലാം പരമനാറികളും മഹാ ചെറ്റകളുമാണെന്നുള്ളതില്‍ ഞങ്ങള്‍ക്ക് ഏകാഭിപ്രായമാണ്. തികച്ചും സ്വാഭാവികം, നല്ലവരായ മലയാളികളൊക്കെ ഗള്‍ഫിലായിപ്പോയില്ലേ. ആനുകാലികവിഷയങ്ങളില്‍ ഞങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ കണ്ടാലറിയാം അസാമാന്യമായ ഞങ്ങളുടെ പ്രതികരണശേഷി. ഉദാഹരണത്തിന് കഴിഞ്ഞ മാസം ഷാര്‍ജ്ജയില്‍ കറണ്ട്ചാര്‍ജ്ജ് ഒറ്റയടിക്ക് 50% വര്‍ദ്ധിപ്പിച്ച കാര്യം തന്നെയെടുക്കാം. റേഡിയോവിലാണ് വാര്‍ത്തയറിഞ്ഞത്. ഒട്ടും മടിച്ചില്ല, കാലുമടക്കി ഒറ്റയടി!. കട്ടിലിന്‍റെ കാല് രണ്ടുപീസ്, എന്‍റെ കാല് മൂന്ന് പീസ്.ഗള്‍ഫില്‍ പ്രത്യേകിച്ച് ദുബായിലുള്ള എല്ലാ മലയാളികളും ബ്ലൊഗര്‍മാരാണ് എന്നറിയാമല്ലോ. ഇനി അങ്ങനെയല്ലാത്ത ആരെങ്കിലും ബാക്കിയുണ്ടെങ്കില്‍ അടുത്ത ബ്ലോഗ് മീറ്റോടെ അവരെയെല്ലാം ഞങ്ങള്‍ ശരിപ്പെടുത്തും(ബ്ലോഗറാക്കും). ഈ ഞാന്‍ തന്നെ പണ്ടൊരിക്കല്‍ കുറുന്തോട്ടി പറിക്കാന്‍ ദുബായിലൊരു പാര്‍ക്കില്‍ പോയതാണ്. അവിടെ മീറ്റിക്കൊണ്ടിരുന്ന ബ്ലോഗര്‍‌മാരെല്ലാം‌കൂടി എന്നേപ്പിടിച്ച് ബ്ലോഗറാക്കിവിട്ടു. എന്തിന്, അന്ന് ഞാന്‍ പോയ ടാക്സിയുടെ പാക്കിസ്ഥാനി ഡ്രൈവര്‍ പോലും ഇന്ന് ഡെയ്‌ലി ആയിരം ഹിറ്റുള്ള മലയാളം ബ്ലോഗറാണ്.അമേരിക്കന്‍ യൂറോപ്യന്‍ മലയാളികളോട് ഞങ്ങള്‍ക്ക് അശേഷം അസൂയയില്ല എന്ന് പറയാതറിയാമല്ലോ. സാമ്രാജ്യത്വ പിന്തിരിപ്പന്‍ കുത്തകകളുടെ കൂലിപ്പണിയുമെടുത്ത്, നാണം‌കെട്ട് അന്യരാജ്യത്തിന്‍റെ പൗരത്വവും സ്വീകരിച്ച് ജന്മനാടിനെ മറന്ന് ജീവിക്കുന്ന മാക്രികള്‍.(ഇതില്‍ ബ്ലോഗര്‍ മാക്രിയും പെടും). അപ്പോള്‍ ദുബായിലെ അമേരിക്കന്‍ എമ്പസിക്കു മുന്‍പിലെ ക്യൂ എന്താണെന്നായിരിക്കും? അമേരിക്കയുടെ പൂര്‍‌വ്വേഷ്യന്‍ നയങ്ങളിലുള്ള പ്രതിഷേധം നേരിട്ടറിയിക്കാന്‍ രാവിലെ മുതല്‍ തിക്കിത്തിരക്കുന്നവരാണത്. അല്ലാതെ വിസക്കായി ക്യൂ നില്‍ക്കുന്നവരല്ല. ഗള്‍ഫിലെങ്ങാനും ഞങ്ങള്‍ക്ക് പൗരത്വം തരാന്‍ തീരുമാനിച്ചാല്‍ കാണാമായിരുന്നു, സ്വീകരിക്കാന്‍ ആളില്ലാതെ ഗവര്‍‌ണ്‍‌മന്‍റ് നാണിച്ചു പോകുന്നത്.അവസാനമായി ഒരു കാര്യം കൂടി. കഞ്ഞിയും കറിയും ഉണ്ടാക്കി ഞണ്ണാന്‍ ഇവിടെനിന്നും നിങ്ങള്‍ കൊണ്ടുപോകുന്ന ഗ്യാസുണ്ടല്ലോ, പ്രകൃതിവാതകം. ബുഹ്‌ഹാഹ.. അത് ഞങ്ങളെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നിങ്ങളറിഞ്ഞാല്‍ നാണം‌കെട്ട് പട്ടിണി കിടന്ന് നിങ്ങളുടെ അവശേഷിക്കുന്ന അഹങ്കാരവും അപ്രത്യക്ഷമാകും.

എന്തുകൊണ്ട്‌ ബാരക്‌ ഒബാമ നോബല്‍ അര്‍ഹിക്കുന്നില്ല?

ഒബാമമാനിയയുടെ ചിന്താശൂന്യമായ ആന്ധ്യമോ, ഇനിയും നിറവേറാത്ത പ്രതീക്ഷകളിലൂടെ സ്വയംനിര്‍മിച്ചെടുത്ത വഞ്ചനാമണ്ഡലത്തില്‍ നിന്ന്‌ അദ്ദേഹത്തെ വെള്ളപൂശിസംരക്ഷിക്കുവാനുള്ള കുതന്ത്രമോ, കാരണം എന്തുമാവട്ടെ, വിശ്രുതമായ നോബല്‍ സമാധാനസമ്മാനത്തിന്‌ (2009) യുഎസ്‌ പ്രസിഡന്റ്‌ ബാരക്‌ ഹുസൈന്‍ ഒബാമയെ തെരഞ്ഞെടുത്തതിലൂടെസ്വീഡിഷ്‌ നോബല്‍ കമ്മിറ്റി ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍അന്ധാളിപ്പിച്ചിരിക്കുകയാണ്‌.ലോകം ഒബാമയെ ഇഷ്‌ടപ്പെടുന്നില്ല എന്നോ അവിശ്വസിക്കുന്നു എന്നോ അല്ല ഞാന്‍പറഞ്ഞുവരുന്നത്‌. ഉയര്‍ന്ന രാഷ്‌ട്രീയാവബോധമുള്ള ഒരുപാടുപേര്‍ അങ്ങനെവിശ്വസിക്കുന്നുണ്ടെങ്കിലും ലോകജനസാമാന്യത്തിനിടയില്‍ ഇപ്പോഴും ഒബാമയുടെ ഇമേജ്‌,പോസിറ്റീവ്‌ തന്നെയാണ്‌. എന്നെ ഞെട്ടിച്ച കാര്യം ഈ സാഹസികോദ്യമത്തിലൂടെ നോബല്‍കമ്മിറ്റി പ്രകടിപ്പിച്ച ധൈഷണിക അലസതയുടെയും രാഷ്‌ട്രീയ ഭീരുത്വത്തിന്റെയുംരൂക്ഷതയാണ്‌.എട്ടു വര്‍ഷത്തെ ജോര്‍ജ്‌ബുഷിന്റെ കരാളമായ കാലത്തിനു ശേഷം ബാരക്‌ ഒബാമസമാധാനദൂതുമായി വൈറ്റ്‌ഹൗസിലേക്ക്‌ കടന്നുവന്നപ്പോള്‍ ലോകജനത ഏറെ ആഹ്ലാദത്തോടെയാണ്‌അദ്ദേഹത്തെ വരവേറ്റത്‌. അന്നുമുതല്‍ ഇന്നുവരെ യുദ്ധവും സമാധാനവും എന്നവിഷയത്തെക്കുറിച്ചുള്ള പ്രസംഗമത്സരത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു ഒബാമ.ഗ്വാണ്ടനാമോയിലെ കുപ്രസിദ്ധമായ സൈനികത്തടവറ അടച്ചുപൂട്ടും, പീഡനപര്‍വത്തിനുംയുദ്ധത്തിനും വിരാമമിട്ട്‌ എത്രയും വേഗം ഇറാഖില്‍ നിന്ന്‌ പിന്‍വാങ്ങും, ഇറാനുമായിനയതന്ത്രചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിലെത്തും... വാഗ്‌ദാനങ്ങള്‍ അനവരതംഒഴുകിക്കൊണ്ടേയിരുന്നു. മധ്യേഷ്യയില്‍ നീതി നടപ്പിലാക്കേണ്ടതിന്റെഅനിവാര്യതയെക്കുറിച്ച്‌ കെയ്‌റോയിലും ആണവരഹിത ലോകത്തെക്കുറിച്ച്‌ പ്രേഗിലും ചെന്ന്‌അദ്ദേഹം ഉജ്ജ്വലമായി സംസാരിക്കുകയും ചെയ്‌തു. അഫ്‌ഗാന്‍ യുദ്ധംഅവസാനിപ്പിച്ചുകളയുമെന്ന മറ്റൊരു ഭീഷണിയും കൂടി ഒബാമ മുഴക്കുകയുണ്ടായി. എന്നാല്‍ഭാഗ്യവശാല്‍ കൂടുതല്‍ സൈനികസാന്നിധ്യത്തോടെയും കുറേക്കൂടി തന്ത്രപരമായനീക്കങ്ങളിലൂടെയും അഫ്‌ഗാന്‍ അധിനിവേശം മുന്നേറുമെന്നാണ്‌ അദ്ദേഹത്തിന്റെസൈനികമേധാവികള്‍ നമുക്ക്‌ ബോധ്യപ്പെടുത്തിത്തന്നത്‌.ഈ വാചകമടികളില്‍ ഒന്നെങ്കിലും ഒബാമ യാഥാര്‍ത്ഥ്യമാക്കിയിരുന്നെങ്കില്‍ നോബല്‍സമാധാന സമ്മാനം തീര്‍ച്ചയായും നീതീകരിക്കപ്പെടുമായിരുന്നു. പക്ഷേ നോര്‍വീജിയന്‍കമ്മിറ്റിയെ ആകര്‍ഷിക്കുവാന്‍ ഡൗണ്‍പെയ്‌മെന്റായി ഒബാമ മുടക്കിയ വാക്കിന്റെ മൂലധനംമാത്രം മതിയായിരുന്നുവെന്നാണ്‌ സമ്മാനപ്രഖ്യാപനം തെളിയിക്കുന്നത്‌. ഏറെപ്രധാനപ്പെട്ട, ഏറ്റവും വിസ്‌മയകരമായ ഒരു വസ്‌തുതയിതാണ്‌: ഈ വര്‍ഷത്തെസമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനര്‍ഹനായ വ്യക്തിയുടെ പേര്‌ നിര്‍ദേശിക്കുവാനുള്ളസമയം ഒബാമ അധികാരമേറ്റതിന്റെ പന്ത്രണ്ടാം ദിവസം തന്നെ അവസാനിച്ചിരുന്നു. അദ്ദേഹത്തെനോമിനേറ്റ്‌ ചെയ്‌തവര്‍, ഈ മനുഷ്യന്‍ എന്താണ്‌ ചെയ്‌തുകാണിക്കാന്‍ പോകുന്നത്‌എന്ന്‌ രണ്ടാഴ്‌ചയെങ്കിലും കാത്തിരുന്ന്‌ കണ്ടിട്ടല്ല ആ പ്രവൃത്തി ചെയ്‌തതെന്ന്‌വ്യക്തം. ഇതൊക്കെ പോട്ടെ, അദ്ദേഹത്തിന്റെ വാഗ്‌ദാനങ്ങളും യഥാര്‍ത്ഥ നയങ്ങളുംഎത്രമേല്‍ പരസ്‌പരവിരുദ്ധമായാണ്‌ മുന്നേറുന്നതെന്നെങ്കിലും നോബല്‍ കമ്മിറ്റിക്ക്‌പരിശോധിക്കാമായിരുന്നു.പശ്ചിമേഷ്യന്‍ സമാധാനം എന്ന പ്രശ്‌നം ഒരുദാഹരണമായെടുക്കാം. ഒബാമയുടെസ്ഥാനാരോഹണത്തോട്‌ തൊട്ടുരുമ്മിനിന്നുകൊണ്ടാണ്‌ ഇസ്രയേല്‍ ഗാസയിലെ കൂട്ടക്കുരുതിഅവസാനിപ്പിച്ചത്‌. ഐക്യരാഷ്‌ട്രസഭാ ന്യായാധിപന്‍ റിച്ചാര്‍ഡ്‌ ഗോള്‍ഡ്‌സ്റ്റോണ്‍തയാറാക്കിയ അന്വേഷണ റിപ്പോര്‍ട്ടനുസരിച്ച്‌ ഇസ്രയേല്‍ രാഷ്‌ട്രീയ നേതൃത്വവുംസൈന്യവും മനുഷ്യത്വത്തിനെതിരെയുള്ള യുദ്ധകുറ്റകൃത്യങ്ങളിലേര്‍പ്പെട്ടുവെന്ന്‌തെളിഞ്ഞ ഒരു യുദ്ധമായിരുന്നു ഗാസയില്‍ നടന്നത്‌. എന്നാല്‍ ഈ റിപ്പോര്‍ട്ട്‌അപ്രസക്തമാണെ%Ehttp://www.risalaonline.com/weekly/FullStory.aspx?ArticleID=c2cd118...

പ്രവാസികളുടെ നാളെ

രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍ അഞ്ചു ശതമാനം സ്വദേശികള്‍ ഉണ്ടായിരുന്ന ഗള്‍ഫ് രാജ്യങ്ങളുടെ സ്വകാര്യ തൊഴില്‍ മേഖലയില്‍ ഇന്നു അത് 44 ശതമാനത്തോളമാണ്. സമീപ ഭാവിയില്‍ അത് 75% ആക്കി ഉയര്‍ത്താന്‍ അതതു രാജ്യത്തെ ഭരണകൂടം തീരുമാനിച്ചിരിക്കുകയാണ്. മിടുക്കരായ സ്വദേശികള്‍ വിദ്യാഭ്യാസവും കഴിവും നേടി ജോലി ചെയ്യാന്‍ സന്നദ്ധരായി മുന്നോട്ടു വന്നുകൊണ്ടിരിക്കുമ്പോള്‍ ഇതു തികച്ചും സ്വാഭാവികം മാത്രമാണ്.ഗള്‍ഫില്‍ ജോലി ചെയ്യുന്ന സാധാരണക്കരില്‍ അധികവും തൊഴില്‍ പരിചയം പോലും ആവശ്യമില്ലാത്ത നിര്‍മാണ തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ ആണെങ്കില്‍ ഇവിടെയുള്ള ഡോക്‌ടര്‍മാര്‍, എഞ്ചിനീയര്‍, വിവര സാങ്കേതികമേഖലയിലെ വിദഗ്‌ദ്ധരുടെ എണ്ണം പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് തുലോം കുറവാണെന്നത് ശ്രദ്ധേയമായ സത്യമാണ്.ഇപ്പോള്‍ തന്നെ കമ്പനി മെധാവികള്‍.P.R.O, IT.വിദഗ്‌ദ്ധര്‍ ഒക്കെ ഏകദേശം മുഴുവനായും സ്വദേശികള്‍ക്കും മറ്റു ജി.സി.സി പൗരന്‍‌മാര്‍ക്കുമായി സംഭരണം ചെയ്‌തിരിക്കുകയാണ്. ഇനിയുള്ള കാലങ്ങളില്‍ വിദേശികള്‍ക്ക് പിടിച്ചു നില്‍‌ക്കാനാവുന്നത് സ്വദേശിവത്‌കരണം കടന്നുവന്നിട്ടില്ലാത്ത ചില അവിദഗ്‌ദ്ധ മെഖലകളില്‍ മാത്രമാണ്.പ്രത്യേക തൊഴില്‍ പരിചയം ആവശ്യമില്ലാത്ത അവിദഗ്‌ദ്ധ മേഖലയിലേക്കാണെങ്കിലും ഗള്‍ഫിലേക്ക് തൊഴില്‍ തേടിയെത്തുന്ന മലയാളികളില്‍ ഏറിയ പങ്കും നല്ല വിദ്യാഭ്യാസവും ബിരുദവും ഉള്ളവരാണെന്നതാണ് സത്യം. ഏതൊരു രാജ്യത്തും കഴിവും വിദ്യാഭ്യാസവുമുള്ള പൗരന്മാര്‍ ആ രാജ്യത്തിന്റെ മൂലധനമായി കണക്കാക്കുമ്പോള്‍, സാക്ഷരതില്‍ വളരെ മുന്നില്‍ നില്‍‌ക്കുന്ന നമ്മുടെ കേരളത്തില്‍ ബിരുദധാരികള്‍ ഒരു ബാധ്യതയായി മാറുന്ന ഈ കാലഘട്ടത്തില്‍ സ്വാഭാവികമായും ഏതു ജോലിക്കായും അവര്‍ ഇറങ്ങി പുറപ്പെടും.ഇവിടെ എത്തിയാലോ, ജാള്യത കൊണ്ടോ പ്രിയപ്പെട്ടവരെ കൂടി വിഷമിപ്പിക്കേണ്ടെന്നു കരുതിയാണോ ആവോ, അത്തരക്കാര്‍ ഇവിടുത്തെ അവരുടെ വരുമാനമോ ജീവിത പ്രശ്‌നങ്ങളോ ആരെയും അറിയിക്കാതെ, നന്നായി ആഹാരം പോലും കഴിക്കതെ, നാളയെ കുറിച്ചു ചിന്തിക്കാതെ, ശമ്പളം മുഴുവനായും നാട്ടിലേക്കയക്കും. നാട്ടിലുള്ളവര്‍ 'ഗള്‍ഫ് സ്‌റ്റാറ്റസ് ' കാണിക്കാന്‍ ആര്‍ഭാടമായി തന്നെ നടക്കുമ്പോള്‍, പലര്‍‌ക്കും വെളിച്ചം പകരാന്‍ സ്വയം ഉരുകി തീരുന്ന ഒരു മെഴുകുതിരിയായി മാറുന്നു സാധാരണ ഗള്‍ഫുകാരന്‍.ഗള്‍ഫിലെ കാലാവസ്ഥാവ്യതിയാനം പോലെ തികച്ചും അപ്രതീക്ഷിതമായി തന്നെ ഇവിടുത്തെ തൊഴില്‍ നിയമങ്ങളും മാറ്റങ്ങള്‍ വന്നേക്കാം. ഇന്നല്ലെങ്കില്‍ നാളെ ഈ പോറ്റമ്മനാടിന്റെ മടിയില്‍ നിന്നും മാതൃരാജ്യത്തേക്ക് സ്ഥിരമായ പറിച്ചു നടല്‍ അനിവാര്യമെന്നു സാരം. നീണ്ട പ്രവാസ ജീവിതത്തിന്റെ ബാക്കി പത്രമെന്നോണം തളര്‍ന്ന ശരീരവും മനസുമായി ശിഷ്‌ടജീവിതം കുടുമ്പത്തോടൊപ്പം കഴിയാന്‍ നാട്ടിലേക്ക് പോയി ഒന്നും ആവതെ, ഒന്നിനും ആവാത തളരുന്ന പലരെയും നമ്മുക്ക് ചുറ്റും കണ്ടെത്താനാവും.നാട്ടിലെ ഏതു ജോലിക്കും തൊഴില്‍ സുരക്ഷയും ക്ഷേമനിധി, പെന്‍ഷന്‍ പോലുള്ള ആനുകൂല്യങ്ങള്‍ ഉള്ളപ്പോള്‍ നീണ്ട തൊഴില്‍ കാലയളവിനു ശേഷം ഒരു പ്രവാസി നാട്ടില്‍ വിമാനമിറങ്ങുന്നത് ഒരു വലിയ വട്ടപൂജ്യനായിട്ടാവും.പ്രവാസികളുടെ വിരലില്‍ എണ്ണാവുന്ന ആവശ്യങ്ങള്‍ സാധിച്ചു തന്നു പോയാല്‍ പിന്നെ മാറി മാറി ഈ ഐശ്വര്യ ഭൂമിയില്‍ വന്നിറങ്ങി ഇവിടുത്തെ ലക്‌ഷ്വറി ഹോട്ടലിലെ ശീതീകരിച്ച മുറിയില്‍ ഇരുന്ന് കോണ്ടീനെന്റല്‍ ഭക്ഷണവും കഴിച്ച് പ്രവാസികള്‍ക്കായി വീണ്ടും വഗ്‌ദാനങ്ങള്‍ തരാനും അവര്‍ക്കു വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുവാനും പറ്റാത്തിടത്തോളം നമ്മുടെ രാഷ്‌ട്രീയ നേതാക്കളില്‍ നിന്നും ഇതിനൊരു പരിഹാരം ഒരിക്കലും പ്രതീക്ഷിക്കേണ്ട.അതിനാല്‍ ഒരോരുത്തരുടേയും ഭാവി സ്വയം സുരക്ഷിതമാക്കുക.അതിനായി....ഇവിടുത്തെ ജോലിയെ കുറിച്ചും വരുമാനത്തെ കുറിച്ചും വ്യക്തമായ ഒരു ചിത്രം നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കു നല്‍‌കുക.അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കുക എന്നതു തന്നെ ഒരര്‍ത്ഥത്തില്‍ സമ്പാദിക്കലാണ്. അതിനാല്‍ നമ്മുടെ ബഡ്‌ജറ്റില്‍ ഒതുങ്ങുന്ന ചെലവു മാത്രം നടത്തുക.താന്‍ ഇവിടെ കഷ്‌ടപ്പെടുന്നത് കൊണ്ട് തന്റെ ബന്ധുക്കള്‍ സന്തോഷിക്കട്ടെ എന്നു കരുതുന്ന എത്രപേര്‍ക്ക് ഉറപ്പ് പറയാനാകും താന്‍ തിരികെ ചെന്നു കഴിഞ്ഞാലും ഇതേ നിലവാരത്തില്‍ തുടര്‍ന്നും ജീവിക്കാനാവുമെന്ന്..?പൊതുവേ ഇന്ത്യക്കരോടും പ്രത്യേകിച്ചു മലയാളികളോടും ഇവിടുത്തെ സ്വദേശികള്‍ക്കുള്ള മമത കളഞ്ഞു കുളിക്കുന്നതരം പ്രവര്‍ത്തികളില്‍ നിന്നും വിട്ടു നില്‍‌ക്കുക.തൊഴില്‍ തരുന്ന നാട്ടിലെ സംസ്‌കാരവും ആചാരവും നിയമങ്ങളും ചട്ടങ്ങളും ഒക്കെ അനുസരിച്ചും ബഹുമാനിച്ചും ജീവിക്കുക.ചെയ്യുന്ന ജോലിയില്‍ കഴിവു തെളിയിക്കുന്നതോടൊപ്പം വ്യക്തമായ ഒരു ലക്ഷ്യബോധത്തോടെ അതിലേക്കുള്ള ആത്മാര്‍‌ത്ഥ പരിശ്രമത്തിലൂടെ, പുതിയ വിഷയങ്ങള്‍, സാങ്കേതികമായ അറിവുകള്‍ ഒക്കെ പഠിച്ചെടുക്കുകയും നല്ല പെരുമാറ്റത്തിലൂടെയും നമ്മുക്കു മുന്നില്‍ വരുന്ന മെച്ചപ്പെട്ട അവസരങ്ങള്‍ നമ്മുടേതാക്കി മാറ്റുക.അതല്ലെങ്കില്‍, കറവതീരുമ്പോള്‍ ഇറച്ചിക്കാരനു കൊടുക്കുന്ന അറവമാടായി അത്തരം പ്രവാസി സ്വയം മാറും തീര്‍ച്ച...!

പ്രവാസികളോട് ഒരപേക്ഷ

കഥനങ്ങളുടെയും വേര്‍പാടിന്റെയും കഥ പറയുന്ന ഈ ഉഷ്ണ ഭൂമിയില്‍ ഉരുകുന്ന ഏതൊരു പ്രവാസിയും താന്‍ പിറന്ന മണ്ണിന്റെ വാസനയും ലാളനയും ഏറ്റുവാങ്ങി തന്റെ കുടുംബത്തോടൊപ്പം സ്ഥിരതാമസത്തിന് കൊതിക്കുന്നവരാണ്‌. എന്നാല്‍ ആ സ്വപ്നങ്ങളെ ഒരു പരിധിവരെ പ്രവാസി തന്നെ അകറ്റി നിര്തുകയാനെന്നു പറയാതെ വയ്യ. ജന്മ നാട്ടിലും വിദേശത്തും അന്യനായി കഴിയേണ്ടി വരുന്ന പ്രവാസികള്‍ താങ്ങാനാവാത്ത കടബാധ്യധകളുടെയും രോഗങ്ങളുടെയും നടുവില്‍ ഭാണ്ഡം ഇറക്കാനാവാതെ കുഴങ്ങുകയാണ്.കാണാപൊന്നും കടലോളം മോഹങ്ങളും ആയി അറബ് മരുഭൂമിയിലെ എന്നപ്പാടങ്ങളുടെ വളര്‍ച്ചയില്‍ ഇങ്ങോട്ട് ഒഴുകാന്‍ തുടങ്ങിയ മലയാളികള്‍ ബിരുദവും ബിരുദാനന്തര ബിരുദവും പൊതിഞ്ഞു സൂക്ഷിച്ചവരും പഠനങ്ങള്‍ പാതിവഴിയില്‍ ഉപേക്ഷിച്ചവരും കെട്ടുതാലിയും വീടും പണയപ്പെടുത്തിയവരും ഇതില്‍പെടുന്നു. ഇതില്‍ ചിലര്‍ ഭാഗ്യവാന്മാര്‍ ഈ മണ്ണില്‍ മെച്ചപ്പെട്ട വിളവു കൊയ്യുന്നു ബാക്കി ഭൂരിഭാഗം ആളുകളും കുടുമ്പത്തിന്റെ തീരാത്ത ആഗ്രഹങ്ങള്‍ക്കും പ്രാരാബ്ധങ്ങള്‍ക്കും മുന്നില്‍ തനിക്ക് കിട്ടുന്ന സംബാധ്യങ്ങളെല്ലാം ചിലവിട്ടു രണ്ടോ മൂന്നോ വര്ഷം കഴിഞ്ഞാലും നാട്ടിലേക്ക് തിരിക്കാന്‍ വലിയൊരു സംഖ്യ കടം വാങ്ങുന്നവരും കാഷില്ലാത്തതിന്റെ പേരില്‍ പ്രവാസ ജീവിതത്തിനു മാറ്റ് കൂട്ടുന്നവരും നമുക്കികയിലുണ്ട്. കോണ്‍ക്രീറ്റ് ഫ്ലാറ്റുകളില്‍ യന്ത്രങ്ങളാല്‍ തണുപ്പിച്ച വായുവും ശ്വസിച്ചു ഒരുപാട് സ്വപ്നങ്ങളും കെട്ടിപിടിച് ഒരു റൂമില്‍ ശരാശരി എട്ടും പത്തും ആളുകള്‍ താമസിക്കുന്നു. പ്രഷറും പ്രമേഹവും കഷണ്ടിയും ഹാര്ടറ്റാക്കും മറ്റുള്ള രോഗങ്ങളുമായി തള്ളിനീക്കുന്ന ദിനരാത്രങ്ങള്‍ അതിനിടയില്‍ വരുന്ന മക്കളുടെയും സഹോദരിമാരുടെയും അവരുടെ മക്കളുടെയും വിവാഹവും അതിനോടനുബന്ധിച്ച സല്‍ക്കാരങ്ങളും പിന്നെ അവരുടെ പ്രസവം പുരക്കൂടല്‍ തുടങ്ങി വമ്പിച്ച കടം ഏറ്റു വാങ്ങുന്നവരും നാലും അഞ്ചും വര്‍ഷം കഴിഞ്ഞാലും നാട്ടില്‍ പോകാന്‍ കഴിയാതെ മോഹങ്ങള്‍ അടക്കി വിങ്ങുന്നവരുമാണ്.ഒരു കാലത്തും ഗള്‍ഫില്‍ വരില്ലെന്ന് ശപഥം ചെയ്യുകയും ജെഷ്ടന്മാരായ ഞങ്ങളെയെല്ലാം കളിയാകുകയും ചെയ്തിരുന്ന എന്റെ സ്വന്തം അനുജന്‍, വലിയ വീമ്പിളക്കിയെങ്കിലും ഒരു വീടിനു തറ കെട്ടിയപ്പോഴേക്കും തീരുന്ന സന്ബാധ്യമേ അവനുണ്ടായിരുന്നുള്ളൂ. ദിവസവും നാട്ടില്‍ ബാസ്സോടിച്ചാല്‍ കിട്ടുന്ന മുന്നൂറ്റമ്പത് രൂപ കൊണ്ടു വീട് പൊങ്ങില്ലെന്നു മനസ്സിലാക്കിയ അവന്‍ ഫ്രീ ആയി കിട്ടിയ ഒരു വിസക്ക് ടിക്കെറ്റിന്റെ കാശ് മാത്രം മുടക്കി ഗള്‍ഫിലെത്തി. വരുമ്പോള്‍ കടമെന്നു പറയാന്‍ ഒന്നുമില്ലാത്ത അവന്‍ ഇന്നു ഒരുപാടു രൂപയുടെ കടക്കാരനായി. കാരണം മുകളില്‍ പറഞ്ഞ കല്ല്യാണങ്ങളും മാമൂലുകളുമായി ഒരു പാടു കാശ് അവനും നാടിലേക്കയക്കയക്കേണ്ടി വന്നു. നാട്ടില്‍ ആയിരുനന്നപ്പോള്‍ ആ വക ചിലവുകള്‍ ഒന്നും അവരാരും അറിയാറില്ലായിരുന്നു. ഗല്‍ഫുകാരനായപ്പോള്‍ ഒരു പങ്ക് ഞങ്ങളെപ്പോലെ അവനും കൊടുക്കേണ്ടി വന്നു. ഇപ്പോള്‍ അവന്‍ പറയുന്നു നാട്ടിലായിരുന്നപ്പോള്‍ കടമില്ലാത്ത ഞാന്‍ ഗല്‍ഫുകാരനായപ്പോള്‍ കടക്കാരനായെന്ന്‍. മാത്രമല്ല അവന്റെ ലക്ഷ്യമായ വീടിനു വേണ്ടി ഒരു കട്ട പോലും ഇതു വരെ വാങ്ങനായിട്ടുമില്ല.സ്വന്തമായി വരുമാനമാര്‍ഗം ഉള്ളവരാണെങ്കില്‍ പിന്നെ അവന്റെ ആഗ്രങ്ങളും അതോടൊപ്പം വളരുകയാണ്. വലിയൊരു ബംഗ്ലാവും എ സി കാറുമാണ് അവന്റെ ആഗ്രഹമെങ്കില്‍ മറ്റൊരുവന് തന്റെ കുടുമ്പത്തെ മാറ്റി പാര്പിക്കാന്‍ ഒരു കൂര അതാണ്‌ അവന്റെ സ്വപ്നം. ഒന്നാംതരം പഴയ തറവാടുകള്‍ പൊളിച്ചു വലിയ വലിയ കൊട്ടാരം പോലത്തെ വീടുകളും മുറികള്‍ തോറും ബാത്ത് രൂമികളും എ സി യും പണി കഴിപ്പിക്കുന്നവര്‍ വീടിന്റെ പണി തീരുമ്പോഴേക്കും കരുതിയതിലും വലിയ തുക കടം വന്നു നാട്ടില്‍ പോകാന്‍ കഴിയാതെ മരുഭൂമിക്കു തിളക്കമാവുന്നു.അതുപോലെത്തന്നെ കാശിന്റെ കുത്തൊഴുക്കിനു ഒരു മുഖ്യ ഘടകമാണ് സെല്‍ഫോണ്‍ ഇത് നിത്യ വരുമാനമാര്‍ഗമില്ലാതവനും പ്രരാബ്ധങ്ങളുള്ളവനും വലിയൊരു വിനയായി മാറുന്നവയാണ്. നാടിലേക്ക് ഫോണ്‍ ചെയ്യുന്പോള്‍ തന്റെ കടങ്ങള്‍ മറച്ചു വെക്കുന്ന പ്രവാസിയോട്‌ മതി മറന്നുള്ള വീടുകാരുടെ ആവഷ്യങ്ങള്‍ തീര്‍ത്ത് കൊടുക്കാന്‍ കടം വാങ്ങി കുടുങ്ങുന്നവരും വിരളമല്ല. ഇതില്‍ നിന്നെല്ലാം പ്രവാസിക്കെന്നാണ് ഒരു മോജനം ? ഒറ്റപ്പെടലിന്റെ നീര്‍കടലില്‍ നിന്നു ഒരല്പം ആശ്വാസത്തിന് വേണ്ടി കുടുംബത്തോടോത്തു കഴിയാന്‍ അവര്കെന്നാണ് ആവുക ?.ഗള്‍ഫിലെത്തി ഒരുമാസം തരക്കേടില്ലാത്ത ജീവിതം കഴിഞ്ഞാല്‍ പിന്നെ അതുവരെ നിന്ന റൂം സൗകര്യം പോരാ മാറണം, കുട്ടിയെ നല്ല സ്കൂളില്‍ ചേര്‍ക്കണം മറ്റുള്ള ഫാമിലിയെകാളും നല്ല നിലയില്‍ കഴിയണം എന്ന ചിന്താഗതി കാരണം കിട്ടുന്ന ശമ്പളം തികയാതെ ഫാമിലിയെ തിരിച്ചയക്കുന്നവരും തിരിച്ചയക്കാന്‍ ടിക്കെട്ടിനു കാശില്ലാതെ ഇവിടെത്തന്നെ നിറുത്തുന്നവരും നമുക്കിടയില്‍ ധാരാളമുണ്ട്. ഇതില്‍ ഭാര്യമാര്‍ക്ക് ചെറുതല്ലാത്ത പങ്കുണ്ട്. നമ്മ്ജുടെ വരുമാനം മനസ്സിലാക്കി ജീവിക്കാന്‍ അവരെ പഠിപ്പിക്കുകയാണെങ്കില്‍ അല്പം ആശ്വാശം കിട്ടുമെന്ന് ഉറപ്പ് . ഇന്നു മാസം തോറും നിലവില്‍ വരുന്ന നിയമ പരിഷ്കാരങ്ങള്‍ ഏതൊരു പ്രവാസിക്കും തലവേധനയാണ്. അതുകൊണ്ട് തന്നെ നമ്മള്‍ നമ്മുടെയും കുടുംബത്തിന്റെയും ആഗ്രഹങ്ങള്‍ പടര്‍ന്നു പന്തലിക്കാതെ കടിഞ്ഞാനിടുകയും നിവര്‍ത്തി ഇല്ലാത്തത് മാത്രം നടത്തിക്കൊടുക്കികയിം ചെയ്യുക. ഏതൊരു പ്രവാസിയുടെയും ജീവിതം ഈ ഉഷ്ണ ഭൂമിയില്‍ അവസാനിക്കുന്നില്ല. ഇന്നല്ലെങ്കില്‍ നാളെ സ്വന്തം നാട്ടിലേക്ക് പറിച്ചു നടെണ്ടവര്‍ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്നോണം വലിയ വലിയ ആഡംബരങ്ങള്‍ കുറയ്ക്കുക. അങ്ങിനെ ഒരു ദിവസം മുന്നേ തന്റെ കുടുംപത്തോടൊപ്പം കഴിയാന്‍ ശ്രമിക്കുക. ഓര്‍ക്കുക, സമ്പത്തും സൌഭാഗ്യങ്ങളും മറ്റുള്ളവര്‍ക്ക് വേണ്ടി നേടിക്കൊടുക്കുംപോള്‍ നഷ്ടമാകുന്നത് നമ്മുടെ ജീവിധത്തിന്റെ നല്ല നാളുകളാണ് . കഴിഞ്ഞു പോയ നല്ല നാളുകള്‍ ഇനി ഒരിക്കലും തിരിച്ചു വരില്ല ഒഴുകുന്ന പുഴ പോലെയാണ് ജീവിതം അത് മുന്നോട്ടു കുതിക്കുകയാണ് ഒരിക്കലിം പിന്നോട്ട് വരില്ല. ഇന്നല്ലെങ്കില്‍ നാളെ ഈ ആടംപരങ്ങള്‍ നിലനിര്‍ത്താന്‍ കഴിയാതെ വന്നാലുള്ള സ്ഥതി ആലോചിച്ചു നോക്ക്. അപ്പോള്‍ വീഴ്ചക്ക് ഉയരം കൂടും. അതുകൊണ്ട് ആടംപരങ്ങളും ദുരാഗ്രഹങ്ങളും ഒരു പരിധി വരെ നിര്‍ത്തി കടങ്ങളില്‍ നിന്നും രക്ഷ നേടി എത്രയും പെട്ടെന്ന് തന്റെ തോണി കുടുംബത്തിലെക്കടുപ്പിക്കാന്‍ ശ്രമിക്കുക.