Sunday, 24 January 2010

ഗള്‍ഫ് മലയാളി

(ഗുരുതരമായ വിലത്തകര്‍‌ച്ച നേരിട്ടുകൊണ്ടിരിക്കുന്ന ഗള്‍ഫ് മലയാളിയുടെ കമ്പോളനിലവാരം ശക്തിപ്പെടുത്തി പൂര്‍‌വ്വസ്ഥിതിയിലാക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ലഭ്യമായ എല്ലാ മാദ്ധ്യമങ്ങളും ഉപയോഗപ്പെടുത്താനുള്ള അതീവരഹസ്യവും അതിഫയങ്കരവുമായ ഗൂഢപദ്ധതിയുടെ ഭാഗമാണ് ഈ പോസ്റ്റ്. )ഭൂമുഖത്തുള്ള മൊത്തം മലയാളികളെയും സാദാ മലയാളികള്‍, ഗള്‍ഫ് മലയാളികള്‍ എന്നിങ്ങനെ രണ്ടായാണ് തരം തിരിച്ചിരിക്കുന്നതെന്ന് അറിയാമല്ലോ. എങ്ങനെയും ഒരു ഗള്‍ഫ് വിസ സം‌ഘടിപ്പിച്ച് അറബിനാട്ടിലെത്തി പത്ത് ഓയില്‍‌മണീസ് സമ്പാദിക്കുക എന്നതായിരുന്നു ഓരോ മല്ലുക്കുഞ്ഞിന്‍റെയും ജന്മോദ്ദേശമെങ്കിലും അതിവിശേഷമായ ബുദ്ധിസാമര്‍‌ത്ഥ്യവും ജാതകത്തിലെ രാജയോഗവും ഒത്തുചേര്‍ന്ന ഭാഗ്യവാന്മാര്‍ക്ക് മാത്രമാണല്ലോ സുന്ദരമനോജ്ഞമായ അറബിലോകത്ത് എത്തിപ്പെടാന്‍ കഴിഞ്ഞിരുന്നത്. അങ്ങനെയുള്ള ഓരോ ഗള്‍ഫുകാരനെയും ഓരോ അറബിസുല്‍‌ത്താനായിക്കണ്ട് ആരാധിച്ചിരുന്ന സാദാ മല്ലൂസിന് അടുത്തകാലത്തായി ഗള്‍ഫ് മലയാളികളോടുള്ള ബഹുമാനത്തിന്റെ സൂചിക വന്‍‌തോതില്‍ ഇടിഞ്ഞതായി ഞങ്ങളറിയുന്നു. തെണ്ടിത്തിരിഞ്ഞ് അമേരിക്കയിലും യൂറോപ്പിലും കുടിയേറി പിന്തിരിപ്പന്‍ സാമ്രാജ്യത്വ ശക്തികള്‍ക്ക് വിടുവേല ചെയ്യുന്ന ചില കരിങ്കാലി മല്ലൂസിന്‍റെ ഡോളറും യൂറോയും കണ്ടുള്ള പൊളപ്പാണിതെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നുണ്ട്. ഞങ്ങള്‍ ചൊള ചൊള പോലെ അയച്ചു തന്നിരുന്ന എണ്ണപ്പണം കൊണ്ടാണ് ക്ഷാമകാലത്ത് മൃഷ്ട്ടാന്നമടിച്ച് കഴിഞ്ഞിരുന്നതെന്ന് മറക്കരുത്. വന്നുവന്ന് ഗള്‍ഫുകാരനാണെങ്കില്‍ പെണ്ണു തരില്ല എന്നു പറയാന്‍‌മാത്രം വളറ്ന്നിരിക്കുന്നു അഹങ്കാരം. ഗള്‍ഫില്‍ ആക്രി പെറുക്കി നടന്ന മാക്രികളെ വരെ മരുമകനാക്കി അഭിമാനിക്കാന്‍ ലച്ചം ലച്ചം സ്ത്രീധനവുമായി ക്യൂ നിന്നിരുന്ന കൂട്ടരാണ്. എന്നിട്ടിപ്പഴോ!.. ലീവും തീര്‍ന്ന് വളര്‍ന്ന് മുറ്റി പുരനിറഞ്ഞു നില്‍‌ക്കുന്ന ഗള്‍ഫ് ബാച്ചികളുടെ സങ്കടം കണ്ടാല്‍ പെറ്റ തള്ള സഹിക്കൂല്ല. ഞങ്ങള്‍ കൈകളില്‍ തൂക്കിപ്പിടിച്ച് വിമാനമിറക്കി കൊണ്ടുവന്ന നാഷണല്‍ പാനാസോണിക്‍ പാട്ടുപെട്ടികളിലാണ് "അബുദാബിക്കാരന്‍ പുതുമണവാളന്‍" പോലുള്ള വാഴ്ത്ത് പാട്ടുകള്‍ പാടി ഞങ്ങളെ നിങ്ങള്‍ സുഖിപ്പിച്ച് കുളിപ്പിച്ച് കിടത്തിയിരുന്നത്. എത്ര കിട്ടിയാലും ആര്‍ത്തിയടങ്ങാതെ "പാവാട വേണം മേലാട വേണം" എന്ന് ഈണത്തിലെരക്കാനും ബോണറ്റ് തുറന്നുവെച്ച ഇമ്പാലാ കാറിന്‍റെ ചന്തമുള്ള ഈ പെട്ടി തന്നെ നിങ്ങളുപയോഗിച്ചു. എന്നിട്ടിപ്പോള്‍ ചില തുക്കട നാടന്‍ സായിപ്പന്‍‌മാരുടെ പരട്ട ജാഡ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് വിലയില്ലാതായി. അതിനൊക്കെ സ്മരണ വേണം സ്മരണ! യൂറൊയും ഡോളറുമൊക്കെ വാങ്ങി പോക്കറ്റില്‍ തിരുകുന്നതിന് മുന്‍പ് വാസ്കൊ ഡ ഗാമ, ഈസ്റ്റ് ഇന്ത്യാ കമ്പനി, ജാലിയന്‍ വാലാ ബാഗ് എന്നൊക്കെ ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.ഇന്ത്യ മുഴുവന്‍ പിച്ചക്കാരണെന്ന് ധരിച്ചിരിക്കുന്ന ചില ഊളന്‍‍ സായിപ്പന്‍‌മാരെപ്പോലെ ഗള്‍ഫ് മലയാളികളെന്നാല്‍ ദൈന്യതയുടെ പര്യായമാണ് എന്നൊരു ധാരണ പരക്കെയുണ്ട്. എങ്കില്‍ കേട്ടോ, ഞങ്ങള്‍ എണ്ണപ്പണത്തിന്‍റെ സമ്പല്‍‌സമൃദ്ധിയില്‍ അര്‍മാദിക്കുന്നവരാണ്, ആര്‍ഭാടത്തില്‍ ആറാടുന്നവരാണ്, ഏഴും എട്ടും ആടുന്നവരാണ്, ഞങ്ങള്‍ യൂസഫലിയാണ്, ഗള്‍ഫാര്‍ മുഹമ്മദലിയാണ്, B R ഷെട്ടിയാണ്, മാടയാണ് പിന്നെ കോട പോലുമാണ്.. ഞങ്ങള്‍ പപ്പടം കാച്ചുന്നതും നെയ്യപ്പം ചുടുന്നതും എന്തിന് ടോയ്‌ലറ്റിലൊഴിക്കുന്നത് പോലും പെട്രോളാണ്. ഇതിനൊക്കെ ശേഷം ബാക്കിവരുന്ന നക്കാപ്പിച്ചയാണ് നിങ്ങള്‍ക്ക് തരുന്നത്.ബൗദ്ധികമായി വളരെ ഉയര്‍ന്ന തലത്തിലുള്ളവരാണ് ഗള്‍ഫ് മലയാളികളെന്ന് പറയേണ്ട കാര്യമില്ലല്ലോ. ആഗോളതലത്തിലുള്ള മിക്കവാറും എല്ലാ പ്രശ്നങ്ങള്‍ക്കും ഞങ്ങള്‍ക്ക് വളരെ സുവ്യക്തമായ അഭിപ്രായവും പരിഹാരവുമുണ്ട്. എന്നു മാത്രമല്ല ഈ അറിവുകളൊക്കെ റേഡിയോ മുതല്‍ ബ്ലോഗ് വരെയുള്ള എല്ലാ മാദ്ധ്യമങ്ങളിലൂടെയും ലോകര്‍ക്കായി പങ്കുവെക്കുകയും ചെയ്യും. ഞങ്ങളുടെ ലോകപരിചയവും ബുദ്ധിവൈഭവവും വെച്ചുനോക്കുമ്പോള്‍ കേരളത്തിലെയും ഇന്ത്യയുടെ ആകെത്തന്നെയും മുഴുവന്‍ പ്രശ്നങ്ങളും മിനിറ്റ് വെച്ച് പരിഹരിക്കാവുന്നതേയുള്ളു. പക്ഷെ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ച് ലീവ് കിട്ടില്ല എന്നതാണ് ഒരേയൊരു തടസ്സം. പിന്നെ നാട്ടില്‍ ഞങ്ങളുടെ അപ്പനും അമ്മയും വകയില്‍ ചില അമ്മാവന്മാരുമൊഴിച്ചുള്ള രാഷ്ട്രീയക്കാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കച്ചവടക്കാര്‍, പോലീസുകാര്‍,കസ്റ്റം‌സുകാര്‍ എന്നിവരെല്ലാം പരമനാറികളും മഹാ ചെറ്റകളുമാണെന്നുള്ളതില്‍ ഞങ്ങള്‍ക്ക് ഏകാഭിപ്രായമാണ്. തികച്ചും സ്വാഭാവികം, നല്ലവരായ മലയാളികളൊക്കെ ഗള്‍ഫിലായിപ്പോയില്ലേ. ആനുകാലികവിഷയങ്ങളില്‍ ഞങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ കണ്ടാലറിയാം അസാമാന്യമായ ഞങ്ങളുടെ പ്രതികരണശേഷി. ഉദാഹരണത്തിന് കഴിഞ്ഞ മാസം ഷാര്‍ജ്ജയില്‍ കറണ്ട്ചാര്‍ജ്ജ് ഒറ്റയടിക്ക് 50% വര്‍ദ്ധിപ്പിച്ച കാര്യം തന്നെയെടുക്കാം. റേഡിയോവിലാണ് വാര്‍ത്തയറിഞ്ഞത്. ഒട്ടും മടിച്ചില്ല, കാലുമടക്കി ഒറ്റയടി!. കട്ടിലിന്‍റെ കാല് രണ്ടുപീസ്, എന്‍റെ കാല് മൂന്ന് പീസ്.ഗള്‍ഫില്‍ പ്രത്യേകിച്ച് ദുബായിലുള്ള എല്ലാ മലയാളികളും ബ്ലൊഗര്‍മാരാണ് എന്നറിയാമല്ലോ. ഇനി അങ്ങനെയല്ലാത്ത ആരെങ്കിലും ബാക്കിയുണ്ടെങ്കില്‍ അടുത്ത ബ്ലോഗ് മീറ്റോടെ അവരെയെല്ലാം ഞങ്ങള്‍ ശരിപ്പെടുത്തും(ബ്ലോഗറാക്കും). ഈ ഞാന്‍ തന്നെ പണ്ടൊരിക്കല്‍ കുറുന്തോട്ടി പറിക്കാന്‍ ദുബായിലൊരു പാര്‍ക്കില്‍ പോയതാണ്. അവിടെ മീറ്റിക്കൊണ്ടിരുന്ന ബ്ലോഗര്‍‌മാരെല്ലാം‌കൂടി എന്നേപ്പിടിച്ച് ബ്ലോഗറാക്കിവിട്ടു. എന്തിന്, അന്ന് ഞാന്‍ പോയ ടാക്സിയുടെ പാക്കിസ്ഥാനി ഡ്രൈവര്‍ പോലും ഇന്ന് ഡെയ്‌ലി ആയിരം ഹിറ്റുള്ള മലയാളം ബ്ലോഗറാണ്.അമേരിക്കന്‍ യൂറോപ്യന്‍ മലയാളികളോട് ഞങ്ങള്‍ക്ക് അശേഷം അസൂയയില്ല എന്ന് പറയാതറിയാമല്ലോ. സാമ്രാജ്യത്വ പിന്തിരിപ്പന്‍ കുത്തകകളുടെ കൂലിപ്പണിയുമെടുത്ത്, നാണം‌കെട്ട് അന്യരാജ്യത്തിന്‍റെ പൗരത്വവും സ്വീകരിച്ച് ജന്മനാടിനെ മറന്ന് ജീവിക്കുന്ന മാക്രികള്‍.(ഇതില്‍ ബ്ലോഗര്‍ മാക്രിയും പെടും). അപ്പോള്‍ ദുബായിലെ അമേരിക്കന്‍ എമ്പസിക്കു മുന്‍പിലെ ക്യൂ എന്താണെന്നായിരിക്കും? അമേരിക്കയുടെ പൂര്‍‌വ്വേഷ്യന്‍ നയങ്ങളിലുള്ള പ്രതിഷേധം നേരിട്ടറിയിക്കാന്‍ രാവിലെ മുതല്‍ തിക്കിത്തിരക്കുന്നവരാണത്. അല്ലാതെ വിസക്കായി ക്യൂ നില്‍ക്കുന്നവരല്ല. ഗള്‍ഫിലെങ്ങാനും ഞങ്ങള്‍ക്ക് പൗരത്വം തരാന്‍ തീരുമാനിച്ചാല്‍ കാണാമായിരുന്നു, സ്വീകരിക്കാന്‍ ആളില്ലാതെ ഗവര്‍‌ണ്‍‌മന്‍റ് നാണിച്ചു പോകുന്നത്.അവസാനമായി ഒരു കാര്യം കൂടി. കഞ്ഞിയും കറിയും ഉണ്ടാക്കി ഞണ്ണാന്‍ ഇവിടെനിന്നും നിങ്ങള്‍ കൊണ്ടുപോകുന്ന ഗ്യാസുണ്ടല്ലോ, പ്രകൃതിവാതകം. ബുഹ്‌ഹാഹ.. അത് ഞങ്ങളെങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നിങ്ങളറിഞ്ഞാല്‍ നാണം‌കെട്ട് പട്ടിണി കിടന്ന് നിങ്ങളുടെ അവശേഷിക്കുന്ന അഹങ്കാരവും അപ്രത്യക്ഷമാകും.

No comments:

Post a Comment